Thursday 12 January 2012







ആള്‍മാറാട്ടത്തിനിടയില്‍ 
ചതഞ്ഞുതീരുന്നത്?

കെ. ഇ. എന്‍

'സത്യം ഒരാനയാണെന്ന് നിങ്ങള്‍ അംഗീകരിക്കും. ഒരു കവിയോ ഒരു കഥാകൃത്തോ അതിന്റെ പുറത്ത് തോര്‍ത്ത് വിരിച്ച് സൂത്രത്തില്‍ അതിനെ തെളിച്ച് നിങ്ങളുടെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തിയാല്‍ അയാളുടെ സ്വന്തം ജീവിതത്തിന്റെ പാലം തകര്‍ന്നുപോകും. മാത്രമല്ലാ മറുകര പറ്റാനുള്ള എല്ലാ തോണികളും കത്തിച്ചാമ്പലാവുകയും ചെയ്യും... അതെ. മോഹന്‍ദാസ് ഒരു സത്യമാണ്. അത് നിങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമത്തിലെ എന്നല്ല, ഈ രാജ്യത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിലെ ഏതു സാധാരണക്കാരനോടു വേണമെങ്കിലും ചോദിച്ച് സ്ഥിരീകരിക്കാവുന്നതാണ്.' (''മോഹന്‍ദാസ്'': ഉദയപ്രകാശ്)
സ്ഥൂലവര്‍ണ്ണന ഭാഷയില്‍ സംഭവിച്ച ഒരു സ്വാഭാവിക വിസ്മയമല്ല, മറിച്ച് ഭാഷ പ്രയോഗിക്കുന്നവര്‍ക്കിടയില്‍, ഒരു വരേണ്യ വിഭാഗത്തിന് ലഭിച്ച 'മിച്ചസമയ'ത്തിന്റെ വിനിയോഗമാണ്. എന്നാല്‍ സ്ഥൂലവര്‍ണ്ണനകളില്‍വെച്ചല്ല, മറിച്ച്, ചൂഷിതജനതയുടെ ജീവിതത്തിന്റെ ചൂടും ചൂരുമേറ്റാണ് ഭാഷ ചൈതന്യനിര്‍ഭരമാകുന്നത്. 'കീഴാള കാഴ്ചകള്‍ കാര്യങ്ങളുടെ വേരിലേക്ക് വളരുമ്പേള്‍ മേലാളകാഴ്ചകള്‍ ക്രിത്രിമ അഴക് ആഘോഷിക്കുവാനാണ് പലപ്പോഴും ആവേശം കൊള്ളുന്നത്. തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ നിന്നാണ് എന്നും കുതറുന്ന വാക്കുകള്‍ പിറക്കുന്നത്. 'ദളിത് സാഹിത്യം' കൃത്രിമവര്‍ണ്ണനകളുടെ വളഞ്ഞവഴികളിലൂടെയല്ല സത്യത്തിന്റെ നേര്‍വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. പരോക്ഷ അനുഭവത്തിന്റെ കനത്ത നിധിശേഖരങ്ങളില്‍നിന്നെന്നതിനേക്കാള്‍ സ്വന്തം നേരനുഭവത്തിന്റെ മുറിവുകളില്‍ നിന്നവര്‍ക്ക് നീറുന്ന സാഹിത്യം സൃഷ്ടിക്കാന്‍ കഴിയും. അവരുടെ ജീവിതം തന്നെ സ്വയം കയ്ക്കുന്നൊരു സാഹിത്യമാകും. ഞങ്ങള്‍ക്ക് നിങ്ങളെപ്പോലെ 'നരകം' ഒരു വര്‍ണ്യവസ്തുവല്ലെന്ന് അതുകൊണ്ടാണവര്‍ക്ക് കൃത്യമായും പറയാന്‍ കഴിയുന്നത്! സ്വന്തം ജീവിതത്തില്‍ വെറുതെ അവരൊന്ന് തൊട്ടാല്‍ മതി, അപ്പോള്‍തന്നെ, ആ ജീവിതത്തില്‍ നിന്നു നിരവധി, 'നരക'ങ്ങളുണ്ടാവും. എന്നാല്‍ അതേ ജീവിതംകൊണ്ടവര്‍ക്ക് അവ്വിധം ഒരു സ്വര്‍ഗം പോലും സൃഷ്ടിക്കാന്‍ കഴിയില്ല.
പ്രശസ്ത ദളിത് എഴുത്തുകാരനായ ലക്ഷ്മണ്‍ ഗായക് വാഡിന്റെ ''ഉചല്യ''യില്‍ തണുത്ത് വിറച്ചു കിടക്കുന്ന മനുഷ്യര്‍ കൊതിച്ചത്, കമ്പിളി പുതപ്പുകളല്ല, തങ്ങളോടൊപ്പം കിടക്കുന്ന ആട്ടിന്‍ കുട്ടികള്‍, തങ്ങളുടെ ശരീരത്തില്‍, ഇപ്പോള്‍ ചെയ്യുന്നത്‌പോലെ, നിര്‍ത്താതെ മൂത്രമൊഴിച്ചു കൊണ്ടെയിരിക്കട്ടെ എന്നായിരുന്നു. അവര്‍ തുടര്‍ന്നും കൊതിച്ച ആ ആട്ടിന്‍മൂത്രം അവര്‍ കണ്ട സ്വപ്നമല്ല, തണുപ്പില്‍ അവര്‍ക്ക് കിട്ടിയ ഇളംചൂടിന്റെ സത്യമാണ് അതിലവര്‍ അനുഭവിച്ചത്, തണുപ്പകറ്റാന്‍ കിട്ടിയ ഒരു മൂത്ര -പുതപ്പിന്റെ സ്‌നേഹസാനിധ്യമാണ്. ഒരു വരേണ്യ രചനയില്‍ ഇത്തരമൊരു 'ദുരന്തവിവരണം' ഇവ്വിധമൊരു ആശ്വാസമായി കടന്നുവരുക പ്രയാസമാണ്. ഒരു കമ്പിളി പുതപ്പ് പോലും അവരുടെ കിനാവുകളില്‍ കടന്നുവരാന്‍ പേടിക്കുകയാണ്!.
2010ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത എഴുത്തുകാരനായ ഉദയ്പ്രകാശിന്റെ ഡോ. എന്‍. എം. സണ്ണി ഹിന്ദിയില്‍ നിന്നും വിവര്‍ത്തനം ചെയ്ത ''മോഹന്‍ദാസ്'' എന്ന നോവലൈറ്റ് മേല്‍സൂചിപ്പിച്ച വിധം, സത്യസങ്കല്പ അതിര്‍ത്തികളെ അട്ടിമറിക്കും വിധം ഭയസംഭ്രമങ്ങളുടെ മുള്‍മുനകള്‍, നിറഞ്ഞതാണ്. അമൃതിനും വിഷത്തിനുമിടയില്‍ അതന്വേഷിക്കുന്നത് നിത്യജീവിതം എങ്ങനെയെങ്കിലും നിലനിര്‍ത്തിപ്പോവാനുള്ള വെറും ഭക്ഷണമാണ്. സമകാലീന ഇന്ത്യയിലെ കീഴാള ജീവിതം നേരിടുന്ന പ്രതിസന്ധിയിലേക്കാണ് കഥാകൃത്ത് വായനക്കാരെ നയിക്കുന്നത്. ആ കൃതിയിലെ 'ഭയത്തിന്റെ നിറം' എന്ന ഒരൊറ്റ രൂപകം ദൃശ്യപ്പെടുത്തുന്നത്, അധഃസ്ഥിത ജീവിതം, നമ്മുടെ ജനാധിപത്യ ഇന്ത്യയില്‍ ഇപ്പോഴും അഭീമുഖീകരിക്കുന്ന, ഭയാനകമായൊരവസ്ഥയേയാണ്. സ്വന്തം ജീവിതം കവര്‍ന്നെടുക്കപ്പെടുന്നത്. ദളിതര്‍ക്ക് ആരെയോ പറഞ്ഞ് കേള്‍പ്പിക്കാനുള്ളൊരു കഥയല്ലാ, മറിച്ച് നിരന്തരം കല്ലേറ് കൊള്ളുന്ന സ്വന്തം ജീവിതത്തിന്റെ മുറിവേറ്റ സത്യമാണ്. സത്യം. 'പഴയഭാവന'ക്കു മുമ്പില്‍ അസ്വസ്തകള്‍ സൃഷ്ടിക്കുമ്പോഴാണ് ''മോഹന്‍ദാസ്'' പോലുള്ള സ്‌ഫോടനാത്മകമായ, 'ദളിത് കൃതികള്‍' രൂപം കൊള്ളുന്നത്. 'വയറിന്റെ വിശപ്പ്', 'ഹൃദയത്തിന്റെ വിശപ്പ്' തുടങ്ങിയ പതിവ് വിഭജനങ്ങളെ 'ദളിത്കൃതികള്‍' മുമ്പേ തന്നെ മറികടന്നു കഴിഞ്ഞിരിക്കുന്നു. ഉത്തമാംഗം വയറാണെന്ന് ശഠിക്കുന്നത് കൊണ്ടല്ല, മറിച്ച് ആത്മാഭിമാനത്തോടെ തൊഴിലെടുക്കുന്ന മനുഷ്യരാണ് 'ഉത്തമര്‍' എന്ന് ശരിയാംവിധം തിരിച്ചറിയുന്നതുകൊണ്ടാണ് 'ദളിത് കൃതികള്‍' സവര്‍ണ്ണ ഭാവുകത്വത്തെ അസ്വസ്ഥമാക്കുന്നത്. 'നവതമ്പുരാന്‍ കുട്ടി' കളുടെ 'രക്ഷാകര്‍ത്തൃത്വ സമീപന' ങ്ങളെ; സാഹിത്യത്തെ ഇവ്വിധം 'ദളിത്' 'അദളിത്' എന്നിങ്ങനെ വിഭജിക്കുന്നതിനെതിരെ അവര്‍ അസ്വസ്ഥരാകുന്നത്. മാര്‍ക്‌സ് മുതര്‍ ഫാനണ്‍ വരെയുള്ളവര്‍ വിപ്ലവത്തെ കണ്ടത്, പുതിയ മനുഷ്യന്റെ പിറവിയായാണ്. മനുഷ്യരുടെ സമഗ്രവിമോചനത്തെ, 'സൂത്രത്തില്‍', വെറുമൊരു ജീവിത സൗകര്യത്തിന്റെ മാത്രം പ്രശ്‌നമായി സങ്കോചിപ്പിക്കാനാണ് വരേണ്യ സൗന്ദ്ര്യശാസ്ത്രം ഇപ്പോഴും ശ്രമിക്കുന്നത്. പ്രത്യയശാസ്ത്രങ്ങളുടെ കറപുരളാത്ത 'ശുദ്ധസാഹിത്യ' മെന്ന നിത്യതയില്‍ നിന്നവര്‍ക്ക് ഇനിയും പൂര്‍ണ്ണമായും പുറത്തു കടക്കാന്‍ കഴിഞ്ഞിട്ടില്ല. 'വര്‍ഗ'ത്തെപ്പറ്റി എത്രവേണമെങ്കിലും പറഞ്ഞോളൂ, പക്ഷേ മേല്‍ക്കോയ്മ ജാതികളെപ്പറ്റി മിണ്ടാതിരുന്നാല്‍ മാത്രം മതി എന്നാണിപ്പോഴും അവരിലൊരു വിഭാഗം കല്പിക്കുന്നത്.
ഉദയ്പ്രകാശിന്റെ ''മോഹന്‍ദാസ്'' പോലുള്ള കൃതികള്‍ വരേണ്യ കാഴ്ചപ്പാടിന്റെ ജനവിരുദ്ധതയുടെ ആഴമാണ് അനാവരണം ചെയ്യുന്നത്. ഒരു ദളിതനായതിന്റെ പേരില്‍, സ്വന്തം പേര് പോലും കവര്‍ന്നെടുക്കപ്പെടുന്ന ഒരു മനുഷ്യന്റെ ദൈന്യജീവിതമാണ് ഉദയപ്രകാശ് നടുക്കം സൃഷ്ടിക്കുംവിധം ആവിഷ്‌കരിക്കുന്നത്.
മുമ്പ് കീഴാളര്‍ക്ക് നല്ലൊരു പേരിടാന്‍പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെങ്കില്‍; ഇന്ന് ഏതു പേരിട്ടാലും അവരുടെ ജീവിതം അസ്വതന്ത്രമാവുന്നതാണ് ഇന്ത്യയില്‍ പലയിടങ്ങളിലും നാം കാണുന്നത്. സാമ്രാജ്യവിരുദ്ധ സമരവും നവോത്ഥാനശ്രമങ്ങളും കര്‍ഷകരും തൊഴിലാളികളും നടത്തിയ നിരന്തരസമരങ്ങളും സാധ്യമാക്കിയ ഒരു ജനാധിപത്യ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍പോലും അരനൂറ്റാണ്ടിനും മുമ്പ് ഒരു 'തോട്ടിക്കുട്ടിക്ക്' മോഹനന്‍ എന്നൊരു പേരിടുന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. 'തോട്ടിയുടെ മകന്‍' എന്ന തകഴിയുടെ നോവലില്‍ ഇശക്കു മുത്തുവിന്റെ മകന്റെ പേര് മോഹനനാണെന്നു കേട്ടപ്പോള്‍ കുറുപ്പ് വക്കീലിന്റെ ഭാര്യ പൊട്ടിച്ചിരിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ഒരു തോട്ടിക്കുട്ടി എങ്ങനെ ഒരു 'മോഹനന്‍' ആകും എന്നോര്‍ത്തുള്ള ആ പൊട്ടിച്ചിരി കേട്ട് ഇശക്കുമുത്തിവിനൊപ്പം അന്ന് കേരളത്തിന്റെ പ്രബുദ്ധതയും നടുങ്ങിയിട്ടുണ്ടാവും.
എന്നാല്‍ മോഹന്‍ദാസ് എന്ന കൃതിയില്‍ ആ ഘട്ടം പിന്നിട്ടതിനു ശേഷമുള്ള രണ്ടാം ഘട്ട പ്രതിസന്ധിയെയാണ് ഉദയപ്രകാശ് കണ്ടെടുക്കുന്നത്. നിരന്തരസമരങ്ങള്‍ക്കുശേഷം, ഇഷ്ടമുള്ള പേരിടാനുള്ളതടക്കം ദളിതര്‍ക്കു ലഭിച്ച പ്രാഥമിക അവകാശങ്ങള്‍പോലും ഒരു ജനാധിപത്യരാഷ്ട്രത്തില്‍ എവ്വിധമൊക്കെയാണ് അപഹരിക്കപ്പെടുന്നതെന്നാണ് 'മോഹന്‍ദാസ്' എന്ന കൃതി ഒരു നിശ്ശബ്ദ നിലവിളിയോടെ പങ്കുവെക്കുന്നത്.
'മോഹന്‍ദാസിനുതന്നെ സംശയം തോന്നിതുടങ്ങി, ശരിക്കും താന്‍ ആരാണ്? മോഹന്‍ദാസോ അതോ ബിസ്‌നാഥോ...' 'ഞാന്‍ നിങ്ങളുടെ കാല് പിടിക്കുകയാണ്. എന്നെ എങ്ങിനെയെങ്കിലും രക്ഷിക്കണം. ഞാന്‍ മോഹന്‍ദാസ് അല്ലെന്ന് ഏത് കോടതിയിലും വന്ന് സത്യവാങ്ങ് മൂലം നല്‍കാന്‍ തയ്യാറാണ്...' ബി. എ. ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിട്ടും, നിരവധി അപേക്ഷകള്‍ക്ക് ശേഷം ഒടുവില്‍, ഓറിയന്റേല്‍ കോള്‍ മൈന്‍സില്‍, നിയമനം ലഭിച്ചിട്ടും, മോഹന്‍ദാസ് തൊഴില്‍രഹിതനായിരിക്കുകയും; അതേസമയം നിയമനമേ ലഭിക്കാത്ത എസ് എസ് എല്‍ സി തോറ്റ ബിസ്‌നാഥ് എന്നൊരാള്‍ അതേ കമ്പനിയില്‍, 'ആള്‍മാറാട്ടം' നടത്തി, മോഹന്‍ദാസായി ജോലി ചെയ്യുകയും; വൈകിയാണെങ്കിലും അതു തിരിച്ചറിഞ്ഞ മോഹന്‍ദാസും സുഹൃത്തുക്കളും അതിനെ നേരിടാന്‍ ശ്രമിച്ച് നിസ്സഹായകമാകുന്നതുമാണ്, ''മോഹന്‍ദാസ്'' എന്ന ഉദയ്പ്രകാശിന്റെ കൃതിയുടെ ഉള്ളടക്കം. എന്നാല്‍ ഈയൊരു പൊള്ളുന്ന സംഭവത്തെ, സമകാലീന ലോക പശ്ചാത്തലവുമായി, നാടകീയമാംവിധം ബന്ധിപ്പിച്ചുകൊണ്ട്, 'ബ്രേക്കറ്റു' കളുടെ സഹായത്തോടെ അധിനിവേശ രാഷ്ട്രീയത്തെ, തുറന്നും കാട്ടും വിധമുള്ള മറ്റൊരാഖ്യാനവും ഈ കൃതിയില്‍ വികസിക്കുന്നുണ്ട്. സമകാലീന ഇന്ത്യനവസ്ഥയില്‍ അനിവാര്യമായും വായിക്കപ്പെടേണ്ട ഒരു കൃതിയാണിത.്‌