Thursday, 1 December 2011

budhamadhavum jaathivyavasthayum by Dr. K. Sugathan
ബുദ്ധമതവും ജാതിവ്യവസ്ഥയും
ഡോ. കെ. സുഗതന്‍
പ്രോഗ്രസ് പബ്ലിക്കേഷന്‍
വില: 190ബുദ്ധമതം അഥവാ ഓര്‍ക്കാനൊരു മതം
ഡോ. പി. കെ. പോക്കര്‍


ഓര്‍ക്കാനും പറയാനും മാത്രമായി നമുക്കിടയില്‍ ഒരു മതമുണ്ടെങ്കില്‍ അത് ബുദ്ധമതമാണ്. അടുത്തുള്ള അച്ഛനമ്മമാരെക്കുറിച്ച് നമ്മള്‍ അധികം വേവലാതിപ്പെടാറില്ല. എന്നാല്‍ അവരുടെ മരണശേഷം മലയാളികള്‍ക്ക് അവര്‍ മുഖ്യവിഷയമാവാറുണ്ട്. കേരളത്തില്‍ ബുദ്ധനെ പ്രകീര്‍ത്തിക്കുന്ന ആശാന്റെ കവിതയും ബുദ്ധന്റെ രാഷ്ട്രീയ ദര്‍ശനം ചര്‍ച്ച ചെയ്യുന്ന കാഞ്ച ഇളയ്യയുടെ പുസ്തകവും സംവാദങ്ങളില്‍ കടന്നുവരാറുണ്ട്. എന്നാല്‍ കേരളത്തിലെ ബുദ്ധ മതാനുയായികള്‍ക്കെന്തു സംഭവിച്ചു എന്നു ഉറക്കെ പറയാന്‍ നമുക്ക് സാധിക്കാറില്ല. ഡോ. കെ. സുഗതന്‍ രചിച്ച് പ്രോഗ്രസ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ 'ബുദ്ധമതവും ജാതിവ്യവസ്ഥയും' ബുദ്ധമതത്തിന്റെ കേരളീയ ഭൂതകാലത്തിലേക്കുള്ള സാഹസികമായ യാത്രയാണ്. ഉന്മൂലനം ചെയ്യപ്പെട്ട ഒരു സമുദായത്തിന്റെ ചിതറിക്കിടക്കുന്ന അഥവാ അപ്രത്യക്ഷമായ ചരിത്രത്തെ അനാവരണം ചെയ്യുക എളുപ്പമല്ല. എങ്കിലും ഡോ. സുഗതന്‍ ഇനിയങ്ങോട്ട് ഈ ദിശയില്‍ നടക്കേണ്ട ഗൗരവമായ അന്വേഷണത്തിന് തുടക്കം കുറിച്ചത് ചരിത്രത്തോടും സത്യത്തോടും നീതിയോടും പ്രതിബദ്ധത പൂര്‍ത്തിയാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.
പന്ത്രണ്ട് അദ്ധ്യായങ്ങളുള്ള ഡോ. സുഗതന്റെ പുസ്തകം കേരളീയ ചരിത്രത്തിന്റെ അനിവാര്യഭാഗമായ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു വഴിത്തിരിവാണ്. കാരണം ബുദ്ധനെയും ബുദ്ധമതത്തെയും ധാരാളമായി പ്രതിപാദിക്കുമ്പോഴും ഒരു വിശ്വാസപ്രമാണവും ജീവിതരീതിയും വെച്ചുപുലര്‍ത്തിയ ജനവിഭാഗത്തിനെന്ത് സംഭവിച്ചു എന്ന് നാമന്വേഷിക്കാറില്ല. എന്നാല്‍ ഡോ. സുഗതന്‍ ബുദ്ധമതം ഏത് വിധത്തില്‍ എത്രമാത്രം സാന്നിദ്ധ്യം കേരളത്തില്‍ നിലനിര്‍ത്തിയിരുന്നു എന്ന പരിശോധനയാണ് നടത്തുന്നത്.
ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവിന്‌ശേഷം എട്ടാം നൂറ്റാണ്ടുവരെ കേരളീയ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഒരേ ഒരു മതം ബുദ്ധമതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ നിര്‍വ്വഹിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണ മതത്തിന്റെ ആക്രമണഫലമായി ബുദ്ധമതം തിരോഭവിക്കുകയാണുണ്ടായതെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോ. സുഗതന്‍ സ്ഥാപിക്കുന്നു. ബുദ്ധമതത്തെ കേരളത്തില്‍ ബ്രാഹ്മണമതത്തില്‍ കലക്കികളയുകയാണുണ്ടായതെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. ബുദ്ധമതാനുയായികളായ വലിയൊരു വിഭാഗം ജനതയെ ജാതിവ്യവസ്ഥയുടെ കീഴറ്റത്ത് സ്ഥാനപ്പെടുത്തി അപകൃഷ്ടരും പ്രാന്തീയരുമാക്കി മാറ്റുകയാണ് ചെയ്തത്. ശാരീരികമായും ആത്മീയമായും ബുദ്ധമതത്തെയും അനുയായികളെയും ഇല്ലായ്മ ചെയ്തത് ഇന്ത്യന്‍ സാസ്‌കാരിക ചരിത്രത്തില്‍ കറുത്ത അദ്ധ്യായമായി എന്നും നിലനില്‍ക്കും. ജാതിവ്യവസ്ഥയും ബ്രാഹ്മണാധിപത്യത്തിന് ശേഷമാണ് കേരളീയ സാമൂഹിക ജീവിതത്തെ ഗ്രസിച്ചത്. ''ഈ ബൗദ്ധപ്രഭാവകാലം അവസാനിക്കുന്നതുവരെയും കേരളത്തില്‍ ജാതി ഉണ്ടായിരുന്നില്ല, പാണന്‍, പറയന്‍, ചാന്നാന്‍. (ചാന്റോര്‍) വില്ലഭവന്‍, ഉഴവന്‍, പരതവന്‍, ആയന്‍ എന്നെല്ലാം ഉള്ള പേരില്‍ അറിയപ്പെട്ടിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങളാണ്. ബ്രാഹ്മണരും ഇവിടെ കുടിയേറിപ്പാര്‍ത്ത് പ്രത്യേകസമൂഹമായി ജീവിച്ചിരുന്നു. അവര്‍ തമ്മില്‍ അയിത്തമോ ഉച്ഛനീചത്തമോ ഉണ്ടായിരുന്നില്ല. വിദ്വാനായ പാണനും, വിദ്വാനായ ബ്രാഹ്മണനും രാജസഭയില്‍ തുല്യമായ സ്ഥാമാണ് ഉണ്ടായിരുന്നത്'' (പു. 105) ദ്രാവിഢസംസ്‌കാരത്തില്‍ ജാതിയോ അനുബന്ധസംസ്‌കാര ജീര്‍ണതകളോ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ചാതുര്‍വര്‍ണ്യം ആര്യസംസ്‌കാരത്തിന്റെ ജീവനുമായിരുന്നു. ബ്രാഹ്മണ്യം അതിന്റെ അധികാര കേന്ദ്രീകരണത്തിനും വ്യാപനത്തിനും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്ന അന്നത്തെ ഒരേ ഒരു മതമായ ബുദ്ധമതത്തെ തകര്‍ക്കുകയാണ് ചെയ്തത്. ''ചാതുര്‍വര്‍ണ്യത്തിന് കീഴടങ്ങുക എന്ന രീതിയാണ് ജൈനര്‍ അവലംബിച്ചത്. അതേയവസരത്തില്‍ ബുദ്ധമതക്കാര്‍ ചാതുര്‍വണ്യനുമായി യാതൊരു രാജിക്കും തയ്യാറായില്ല'' (പു. 109)
ഈഴവ സമുദായവും ബുദ്ധമതവുമായുള്ള ബന്ധം വിശദമാക്കാനാണ് ഗ്രന്ഥത്തില്‍ രചയിതാവ് കൂടുതലായും പ്രയത്‌നിച്ചിട്ടുള്ള്. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ഈഴവ - സമുദായം ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്നതിന് മുമ്പ് ജീവിത നിലവാരം സൂക്ഷിച്ചവരായിരുന്നു. ഭാഷ, ചികിത്സ, വിശ്വാസം, ആരാധന മുതലായ മണ്ഡലങ്ങളിലെല്ലാം വേറിട്ട അസ്തിത്വം സൂക്ഷിച്ച ഒരു ഭൂരിപക്ഷസമുദായത്തെ എങ്ങനെ നിരായുധരാക്കി എന്ന ഗൗരവമായ അന്വേഷണം ഇന്നും എന്നും പ്രസക്തമാണ്. സംസ്‌കാരത്തിന്റെ മണ്ഡലത്തില്‍ 'ഏകരൂപമാക്കല്‍' പ്രക്രിയ എന്നും അധിനിവേശത്തിന്റെയും ഹെജിമണിയുടെയും ഭാഗമായാണ് സംഭവിക്കുന്നത്. ബഹുസ്വരതയെ തകര്‍ത്ത് ഏകരൂപം സാദ്ധ്യമാക്കുന്ന നടപടികള്‍ ദേശീയതയുടെ പേരില്‍ നടത്തുന്നതിലന്തര്‍ഭവിച്ച അപകടം അപഗ്രഥിക്കാനുള്ള സന്ദര്‍ഭം കൂടി ഈ കൃതി നല്‍കുന്നു. ബഹുവിധഭാഷയും, സംസ്‌കാരവും, വിശ്വാസും വെച്ചുപുലര്‍ത്തുന്ന ജനങ്ങളെ ഏകീകരിക്കാന്‍ വ്യത്യാസങ്ങള്‍ തകര്‍ക്കുന്നത് ഭരണകൂടത്തിന്റെ അധികാരം അടിച്ചേല്‍പ്പിക്കാനുള്ള എളുപ്പ വഴിയാണ്. മലയാളഭാഷക്കും കേരളീയ സംസ്‌കാരത്തിനും വളര്‍ച്ച നഷ്ടപ്പെട്ടത് ബ്രാഹ്മണ്യത്തിന്റെ അനുബന്ധം മാത്രമാക്കി ഇതര സമൂഹങ്ങളെ പരിവര്‍ത്തിപ്പിച്ചതിലൂടെയാണെന്ന് ഇനിയും ആഴത്തില്‍ അപഗ്രഥനം ആവശ്യമുള്ള നിരവധി നിരീക്ഷണങ്ങള്‍ ക്രോഡീകരിക്കാനുള്ള ശ്രമം ഡോ. സുഗതന്‍ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള പഠനങ്ങളുടെ പ്രസക്തി സൂചിപ്പിക്കുന്നതിന് ഇളം കുഞ്ഞന്‍പ്പിള്ളയുടെ വാക്കുകള്‍ കൂടി ഇവിടെ ചേര്‍ക്കാം.
''ചാതുര്‍വണ്യത്തോട് പ്രതികൂല മനോഭാവം പ്രദര്‍ശിപ്പിച്ച സംഘകവികളെ പില്‍ക്കാലത്താരും സ്മരിച്ചു കാണുകയില്ല, അവരുടെ പേരുപോലും വിസ്മരിക്കപ്പെടണമെന്നത് ചാതുര്‍വര്‍ണ്യപ്രചാരത്തിലെ ഒരു നിയമമായിരുന്നു. കാളിദാസന്‍ ചാതുര്‍വര്‍ണ്യത്തിനെതിരായി ഒരക്ഷരം മിണ്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പേര്‍ അശോകന്റെയും അശ്യഘോഷന്റെയും പേരുകള്‍പോലെ പാശ്ചാത്യ പണ്ഡിതന്മാര്‍ ഗവേഷണം നടത്തി കണ്ടുപിടിച്ചു പറഞ്ഞു തന്നേ നാം മനസ്സിലാക്കുമായിരുന്നുള്ളൂ. ശാകുന്തളത്തിന്റെയോ രഘുവംശത്തിന്റെയോ മേഘദൂതിന്റെയോ ഒറ്റപ്രതി ഇന്ത്യയില്‍ നിന്നും കണ്ടുകിട്ടാനും ഇടവരില്ലായിരുന്നു. കാളിദാസനുപോലും ഉപജീവനായ അശ്വഘോഷന്റെ ബുദ്ധ ചരിതത്തിന്റെ സ്ഥിതി എന്താണ്? ബ്രാഹ്മണനായി ജനിച്ച അശ്വഘോഷന്‍ ചാതുര്‍വര്‍ണ്യത്തില്‍  വെറുപ്പു തോന്നി ബുദ്ധമതം സ്വീകരിച്ചു. ചാതുര്‍വര്‍ണ്യത്തിന്റെ കാഠിന്യവും ബ്രാഹ്മണരുടെ സ്വാര്‍ത്ഥബുദ്ധിയും വ്യക്തമാക്കിക്കൊണ്ട് 'വജ്രസൂചി' എന്ന പ്രസിദ്ധ ഗ്രന്ഥവും രചിച്ചു.'' (ഇളംകുളം കുഞ്ഞന്‍പ്പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍ എഡി. എന്‍. സാം. പു. 257)
3 comments:

 1. പുസ്തം വാങ്ങാന്‍ ആഗ്രഹിക്കുന്നു. ഒരു കോപി വി.പി.പി. ആയി അയച്ചു തരുമോ?

  ReplyDelete
 2. Dear Dr. Pokker, I'm reading this book and an appreciation would require a lot of insight into the socio- political realities and historical awareness of this region.
  The author Dr.K.Sugathan, is my uncle and as you know, he has been contributing immensely to the cause of Language, Social justice etc., apart from his profession as an eminent Cardiologist.
  Your review in appreciation of his latest book is a testimony to the stark realities that this part of the world witnessed over thousands of years. Well done, Dr. Pokker.
  Artist Somji.(K.A.Soman)

  ReplyDelete
 3. Dear Publisher,
  It's indeed a profound thought to be reading Liberal Left Books. But, I am afraid, one can not go that far to show that he is liberal enough to couch the word 'Liberal' as 'Libaral' as you have put it by way of an innocuous oversight on the caption above.
  Hope you will be kind enough to alleviate this misdemeanour ASAP.

  ReplyDelete